07:00pm 11 November 2026
NEWS
കുസാറ്റ് ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് വിതരണം നവംബർ 4-ന്
01/11/2025  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റ് ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് വിതരണം നവംബർ 4-ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ് ) അലുമിനി നെറ്റ്‌വർക്കിന്റെ പരമോന്നത ബഹുമതിയായ ഡിസ്റ്റിൻഗ്വിഷ്ഡ് അലുമിനി അവാർഡ് 2025 നവംബർ 4-ന് രാവിലെ 10:30ന് സർവകലാശാല സെമിനാർ കോംപ്ലെക്സിൽ വിതരണം ചെയ്യും. വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സ്വകാര്യ മേഖല, ഗവേഷണം, സാമൂഹിക ഇടപെടൽ എന്നിവയിൽ വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ച് സർവകലാശാലയ്ക്ക് അഭിമാനമായ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ഈ അവാർഡ് നൽകുന്നത്. അക്കാദമിക് ആൻഡ് റിസർച്ച് എക്സലൻസ്, ലീഡർഷിപ്പ് ആൻഡ് ഇന്നോവേഷൻ ഇൻ ബിസിനസ്/ഇൻഡസ്ട്രി/എന്റർപ്രൈസ്, സോഷ്യൽ ഇന്റർവെൻഷൻസ് ക്രിയേറ്റിംഗ് പോസിറ്റീവ് ഇംപാക്ട് എന്നീ മൂന്ന് വിഭാഗങ്ങളിലായി ഈ ബഹുമതികൾ നൽകുന്നു. ഓരോ അവാർഡിനും 50,000 രൂപയും പ്രശംസാപത്രവുമാണ് നൽകുന്നത്. കേരളത്തിലെ സർവകലാശാലകൾ നൽകുന്ന അലുമിനി അവാർഡുകളിൽ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഇത്.

ഈ വർഷത്തെ 16 നോമിനേഷനുകളിൽ നിന്ന് അവാർഡിന് അർഹരായവരെ കുസാറ്റ് വൈസ് ചാൻസലർ, ഡോ. എം ജൂനൈദ് ബുഷിരി, കേരള സർക്കാർ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സിന്റെ പ്രിൻസിപ്പൽ സെക്രെട്ടറി മുഹമ്മദ് ഹനീഷ് എ.പി.എം. IAS , കേന്ദ്ര സർക്കാർ മുൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിഡോ. ശകീല ടി. ശംസു, കുസാറ്റ് IQAC ഡയറക്ടർ ഡോ. സാം തോമസ്, കുസാറ്റ് അലൂംനി നെറ്റ്‌വർക്ക് പ്രസിഡന്റ് ദീപക് അസ്വാനി എന്നിവരടങ്ങിയ പ്രശസ്ത സമിതി നടത്തിയ വിശദമായ പരിശോധനയ്ക്കുശേഷമാണ് തിരഞ്ഞെടുത്തതെന്ന് കുസാറ്റ് അലുമിനി നെറ്റ്‌വർക്ക് ജനറൽ സെക്രട്ടറി ഡോ. പി.കെ. ബേബി അറിയിച്ചു.

അക്കാഡമിക് ആൻഡ് റിസർച്ച് എക്സലൻസ് വിഭാഗത്തിൽ ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ ഡയറക്ടർ ഡോ. തമ്പാൻ മേലോത്, ലീഡർഷിപ് ആൻഡ് ഇന്നോവേഷൻ ഇൻ ബിസിനസ്/ഇൻഡസ്ടറി/എന്റർപ്രൈസ് എന്ന വിഭാഗത്തിൽ HIC-ABF സ്പെഷ്യൽ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ചെറിയാൻ കുരിയൻ, സോഷ്യൽ ഇന്റർവെൻഷൻസ് ക്രിയേറ്റിംഗ് പോസിറ്റീവ് ഇംപാക്ട് വിഭാഗത്തിൽ ഇന്ത്യൻ ആർമി കോർപസ് ഓഫ് എൻജിനീയേഴ്സിലെ ലെഫ്. കേണൽ അനീഷ് മോഹൻ എന്നിവരാണ് ഈ വർഷത്തെ അവാർഡ് ജേതാക്കൾ.

മൊത്തം ₹1.50 ലക്ഷം മൂല്യമുള്ള അവാർഡുകളും പ്രശംസാപത്രങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. 2023-ലെ ആദ്യ പതിപ്പിൽ ഡോ. പി. എൻ. വിനയചന്ദ്രൻ (IISc, ബെംഗളൂരു), ശ്രീ മധു എസ്. നായർ (CMD, കൊച്ചി ഷിപ്‌യാർഡ്), ജസ്റ്റിസ് എസ്. രാധാകൃഷ്ണൻ എന്നിവരാണ് ആദരിക്കപ്പെട്ടത്.

 

അവാർഡ് ജേതാക്കളെ കുറിച്ച്:

ഡോ. തമ്പാൻ മേലോത് (എംഎസ് സി മറൈൻ ജിയോളജി,1993, കുസാറ്റ്) — പ്രശസ്ത പോളാർ ശാസ്ത്രജ്ഞനും Cryosphere, Palaeoclimatology മേഖലകളിലെ വിദഗ്ധനുമാണ്. ഗോവയിലെ എൻസിപിഒആർ-ന്റെ ഡയറക്ടറായി പ്രവർത്തിക്കുന്ന അദ്ദേഹം, അന്റാർട്ടിക്ക, ആർട്ടിക്, ഹിമാലയം തുടങ്ങിയ മേഖലകളിൽ നിരവധി ഗവേഷണ ദൗത്യങ്ങൾ നയിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏക Ice Core Laboratory സ്ഥാപിച്ചതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
 +91 97658 89305 / 94238 89305 |  tmeloth@gmail.com
ചെറിയാൻ കുരിയൻ (എംഎസ് സി ഇൻഡസ്ട്രിയൽ ഫിഷറീസ്, 1980, കുസാറ്റ്) — ആലപ്പുഴ ആസ്ഥാനമായ HIC-ABF Special Foods Pvt. Ltd.-ന്റെ മാനേജിംഗ് ഡയറക്ടറാണ്. Tasty Nibbles എന്ന ഉപഭോക്തൃ ബ്രാൻഡിന്റെ സ്ഥാപകനായ അദ്ദേഹം നിരവധി മൂല്യവർദ്ധിത സമുദ്രോത്പന്നങ്ങൾ വിപണിയിലെത്തിച്ചു. 600-ലധികം പേർക്ക് തൊഴിൽ നൽകുന്ന കമ്പനി MPEDAയിൽ നിന്ന് എട്ടുതവണ ദേശീയ അവാർഡ് നേടിയിട്ടുണ്ട്.
 +91 98470 77785 |  cheriankurian2025@gmail.com
ലെഫ്. കേണൽ അനീഷ് മോഹൻ (ബി.ടെക്ക് സിവിൽ എൻജിനീയറിങ്, 2007, കുസാറ്റ്) — ഇന്ത്യൻ സേനയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2024 ജൂലൈയിൽ മുണ്ടക്കൈ ഗ്രാമത്തിൽ തകർന്ന പാലത്തിനു പകരം 36 മണിക്കൂറിനുള്ളിൽ പുതിയ ബെയ്ലി പാലം നിർമ്മിച്ച് പ്രദേശത്തെ ഗതാഗത ബന്ധം പുനഃസ്ഥാപിച്ചു.
 +91 70453 58492 |  aneesh.4488@gmail.com
കുസാറ്റ് അലൂംനി പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനായി 2022-ൽ ആരംഭിച്ച CUSAT Alumni Adjunct Faculty Scheme മുഖേന പ്രമുഖ അലൂംനിമാരെ അധ്യാപനം, ഗവേഷണം, മെന്ററിംഗ് തുടങ്ങിയ മേഖലകളിൽ സർവകലാശാലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img